Thursday, March 08, 2007

കുട്ടികളേ, എന്നോടു ക്ഷമിക്കൂ!

ഇന്ത്യയിലെ ബാലവേലയുടെ ഭീകരമുഖം അറിയുമോ നിങ്ങള്‍?

11.5 മില്ല്യന്‍ കുട്ടികളാണു് വീട്ടുവേല ചെയ്യുന്നതു്. അതില്‍ തന്നെ ഭൂരിഭാഗം പെണ്‍കുട്ടികളും. ദരിദ്രകുടുംബങ്ങളിലെ കൊച്ചുപെണ്‍കുട്ടികള്‍ ഒഴിവില്ലാതെ 15 മണിക്കൂറോളം അധ്വാനിക്കുന്നു, വെറും രണ്ടുനേരത്തെ ഭക്ഷണം കിട്ടുമല്ലോന്നോര്‍ത്തു്. ശാരീരികമര്‍ദ്ദനങ്ങളും പീഢനങ്ങളും വേറെ. കൊച്ചുകുട്ടിവേലക്കാരെ ലൈംഗികമായി ഉപയോഗിക്കുന്ന കൊച്ചമ്മമാരും മുതലാളിമാരും ഏറെ.

വര്‍ഷത്തിലെങ്കിലും അവധിയോ, സ്വന്തം വീട്ടില്‍ പോകാന്‍ സമ്മതമോ ഇല്ലാതെ അധ്വാനിക്കുന്ന ഇവരുടെ അവസ്ഥ മിക്ക മാതാപിതാക്കള്‍ക്കും അറിയില്ലെങ്കിലും അവരുടെ അവസ്ഥ അറിയുന്ന മാതാപിതാക്കളും അവരെ ഇതില്‍ നിന്നു രക്ഷിക്കണമെന്നു വിചാരിക്കുന്നവരല്ല. സ്വന്തം പെണ്‍കുട്ടികള്‍ എവിടെയാണു് ഏതു നരകത്തിലാണു് കിടന്നു നീറുന്നതെന്നു് ഒരുവിഭാഗത്തിനു് ഒരുപിടിയുമില്ലെന്നതു് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കുന്നു.

മാസം 500 രൂപ പോലും തികച്ചു കിട്ടുന്ന കുട്ടികള്‍ തുലോം തുച്ഛം. ജീവിതത്തില്‍ സ്കൂളിന്റെ പടികാണാനോ, രണ്ടക്ഷരം പഠിക്കാനോ, സ്വപ്നം പോലും കാണാനോ സാധിക്കാതെ എരിഞ്ഞടങ്ങുന്ന ബാല്യങ്ങളെ, നിങ്ങളെ എങ്ങിനെ രക്ഷിക്കും?

നിങ്ങള്‍ ആരാന്റെ അടുക്കളയുടെ മൂലയ്ക്കല്‍ കിടന്നുറങ്ങുന്ന ഈ ലോകത്തു്, സുഭിക്ഷതയുടെ സുഖസമൃദ്ധിയുടെ പഞ്ഞിക്കിടക്കയില്‍ ആണ്ടുകിടന്നുറങ്ങുന്ന എനിക്കുള്ള ശിക്ഷ എന്താവണം?


source: http://www.redhotcurry.com/archive/news/2006/child_workers.htm

/>